1 കൊരിന്ത്യർ 11 : 1 (MOV)
ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.
1 കൊരിന്ത്യർ 11 : 2 (MOV)
നിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാൽ നിങ്ങളെ പുകഴ്ത്തുന്നു.
1 കൊരിന്ത്യർ 11 : 3 (MOV)
എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
1 കൊരിന്ത്യർ 11 : 4 (MOV)
മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു.
1 കൊരിന്ത്യർ 11 : 5 (MOV)
മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ.
1 കൊരിന്ത്യർ 11 : 6 (MOV)
സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ.
1 കൊരിന്ത്യർ 11 : 7 (MOV)
പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.
1 കൊരിന്ത്യർ 11 : 8 (MOV)
പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലോ സ്ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു.
1 കൊരിന്ത്യർ 11 : 9 (MOV)
പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു.
1 കൊരിന്ത്യർ 11 : 10 (MOV)
ആകയാൽ സ്ത്രീക്കു ദൂതന്മാർ നിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.
1 കൊരിന്ത്യർ 11 : 11 (MOV)
എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.
1 കൊരിന്ത്യർ 11 : 12 (MOV)
സ്ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാൽ സകലത്തിന്നും ദൈവം കാരണഭൂതൻ.
1 കൊരിന്ത്യർ 11 : 13 (MOV)
നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർത്ഥിക്കുന്നതു യോഗ്യമോ?
1 കൊരിന്ത്യർ 11 : 14 (MOV)
പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും
1 കൊരിന്ത്യർ 11 : 15 (MOV)
സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?
1 കൊരിന്ത്യർ 11 : 16 (MOV)
ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ.
1 കൊരിന്ത്യർ 11 : 17 (MOV)
ഇനി ആജ്ഞാപിപ്പാൻ പോകുന്നതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല; നിങ്ങൾ കൂടിവരുന്നതിനാൽ നന്മെക്കല്ല തിന്മെക്കത്രെ ഇടയാകുന്നതു.
1 കൊരിന്ത്യർ 11 : 18 (MOV)
ഒന്നാമതു നിങ്ങൾ സഭകൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടെന്നു ഞാൻ കേൾക്കുന്നു; ഏതാനും വിശ്വസിക്കയും ചെയ്യുന്നു.
1 കൊരിന്ത്യർ 11 : 19 (MOV)
നിങ്ങളിൽ കൊള്ളാകുന്നവർ വെളിവാകേണ്ടതിന്നു നിങ്ങളുടെ ഇടയിൽ ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടതു.
1 കൊരിന്ത്യർ 11 : 20 (MOV)
നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴമല്ല കഴിക്കുന്നതു.
1 കൊരിന്ത്യർ 11 : 21 (MOV)
ഭക്ഷണം കഴിക്കയിൽ ഓരോരുത്തൻ താന്താന്റെ അത്താഴം മുമ്പെ കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു.
1 കൊരിന്ത്യർ 11 : 22 (MOV)
തിന്നുവാനും കുടിപ്പാനും നിങ്ങൾക്കു വീടുകൾ ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങൾ തുച്ഛീകരിച്ചു, ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ? നിങ്ങളോടു എന്തു പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല.
1 കൊരിന്ത്യർ 11 : 23 (MOV)
ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി:
1 കൊരിന്ത്യർ 11 : 24 (MOV)
ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ എന്നു പറഞ്ഞു.
1 കൊരിന്ത്യർ 11 : 25 (MOV)
അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്വിൻ എന്നു പറഞ്ഞു.
1 കൊരിന്ത്യർ 11 : 26 (MOV)
അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.
1 കൊരിന്ത്യർ 11 : 27 (MOV)
അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും.
1 കൊരിന്ത്യർ 11 : 28 (MOV)
മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്വാൻ.
1 കൊരിന്ത്യർ 11 : 29 (MOV)
തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.
1 കൊരിന്ത്യർ 11 : 30 (MOV)
ഇതുഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.
1 കൊരിന്ത്യർ 11 : 31 (MOV)
നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.
1 കൊരിന്ത്യർ 11 : 32 (MOV)
വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു കർത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.
1 കൊരിന്ത്യർ 11 : 33 (MOV)
ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഭക്ഷണം കഴിപ്പാൻ കൂടുമ്പോൾ അന്യോന്യം കാത്തിരിപ്പിൻ.
1 കൊരിന്ത്യർ 11 : 34 (MOV)
വല്ലവന്നും വിശക്കുന്നു എങ്കിൽ നിങ്ങൾ ഒരുമിച്ചു കൂടുന്നതു ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന്നു അവൻ വീട്ടിൽവെച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യങ്ങളെ ഞാൻ വന്നിട്ടു ക്രമപ്പെടുത്തും.
❮
❯